കമ്മട്ടിപ്പാടം ..കൊച്ചിയുടെ കഥയാണ്. പകല്‍ വെളുക്കെ ചിരിക്കുന്ന പളപളപ്പുള്ള കൊച്ചിയല്ല. അതിനുമൊക്കെ പിന്നില്‍ ..പിന്നേയും…ആരും കാണാത്ത പിന്നിലേക്ക് പോകണം …ആ കൊച്ചിയാണ് രാജീവ് രവി എന്ന സംവിധായകന്‍ ദുല്‍ഖറിനേയും കുട്ടിക്കൊണ്ടു പോയി കാണിച്ചു തരുന്നത്.
അവിടെ റൗഡിക്കൂട്ടങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും ഒക്കെയുണ്ട്. അതോടൊപ്പം,. ചെറിയ സന്തോഷങ്ങള്‍, കരളുപറിക്കുന്ന വേദന, പിടിവിടാത്ത സൗഹൃദങ്ങള്‍, എല്ലിന്‍മേല്‍കയറിയ പ്രേമം… പതിയിരിക്കുന്ന പാതകങ്ങള്‍.. എല്ലാം ഉണ്ട്.
രാജീവ് രവിയുടെ സിനിമാ പള്ളിക്കുൂടം അനുരാഗ് കശ്യപിനെ പോലെ പഠിച്ചിറങ്ങിയവരുടേതാണ്. സിനിമയുടെ മായമില്ലാത്ത സൗന്ദര്യം കാണിച്ചു തരുന്ന സംവിധായകനാണ്. അരികുവല്‍ക്കരിക്കപ്പെട്ട എല്ലാവരാലും തഴയപ്പെട്ട സമുഹത്തിന്റെ നേരുകളുടെ നേര്‍ക്കാഴ്ചകളിലേക്ക് കടന്നു ചെല്ലുന്നു.
കീഴാളന്റെ ലോകത്തേക്ക് എത്തിനോക്കാന്‍ പോലും മനസില്ലാത്ത മേലാള വര്‍ഗത്തിന്റെ കാഴ്ചക്കപ്പുറമുള്ള ലോകത്തേക്ക് എത്തുന്ന പ്രേക്ഷകരെ വരവേല്‍ക്കുന്നത്. ചില കാട്ടുരൂപങ്ങളാണ്…. അന്തിഉറങ്ങിയിടത്തു നിന്നും ആട്ടിപായിച്ചവരുടെ ചില അനുഭവങ്ങള്‍.. ചോരയും മാംസവും പറ്റിപ്പിടിച്ചിരിക്കുന്ന പോയകാലത്തിന്റെ കുറിപ്പുകള്‍.
ഗംഗ , ബാലന്‍ എന്നീ സഹോദരന്‍മാരും, കൃഷ്ണന്‍ എന്ന ചെറുപ്പക്കാരനും ..കഥയുടെ ആത്മാവ് ഇവരിലൂടെയാണ് സഞ്ചരിക്കുന്നത്. കുട്ടിക്കാലത്ത് പോലീസുകാരനെ കൊന്ന കേസില്‍ അകപ്പെട്ടുന്ന കൃഷ്ണന്‍.. നാടുവിട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങി വന്ന് സുഹൃത്തായ ഗംഗയെ തിരയുന്നു.
ചാര്‍ളിക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ശക്തമായ കഥാപാത്രമാണ് കൃഷ്ണന്‍. വിനായകന്‍ എന്ന നടന്റെ അഭിനയം കറകളഞ്ഞതാമെന്ന് ഒരിക്കല്‍ കുടി തെളിയിക്കുന്നതാണ് ഗംഗ. ഗംഗയുടെ സഹോദരന്‍ ബാലേട്ടനായി എത്തുന്ന മണികണ്ഠന്‍ ഏവരുടേയും കൈയ്യടി നേടുന്നു. നായികയുടെ മേയ്ക്കിപ്പില്ലായ്മയുടെ മേയ്ക്ക്അപ്പ് അരോചകമായി.
അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് കമ്മട്ടിപ്പാടം രാജിവ് രവി തയ്യാറാക്കിയത്. ബോക്‌സ്ഓഫീസ് ചേരുവകളാണ് അധികമായി ചേര്‍ത്തിരിക്കുന്നത്.
തിരക്കഥ ഒരുക്കിയ പി ബാലചന്ദ്രനും കച്ചവടസിനിമയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചെടുത്തത്. പകയും അക്രമവും കലര്‍ന്ന കഥയും ക്ലൈമാക്‌സും മലയാള സിനിമയില്‍ ഒത്തിരി ഇറങ്ങിയിട്ടുണ്ടെങ്കിലും പശ്ചാത്തലം മാറിയതും കഥാപാത്രങ്ങള്‍ മാറിയതും കഥപറയുന്ന ആഖ്യാന ശൈലി മാറിയതും കമ്മിട്ടിപ്പാടത്തിന്റെ സവിശേഷതയാണ്.
ബാലേട്ടന്‍ എന്ന കഥാപാത്രമായി തിളങ്ങിയ മണികണ്ഠന്‍ മലയാളത്തിന്റെ നവാസുദ്ദിന്‍ സിദ്ദിഖിയാമെന്ന് ബഹുമതിയും പ്രേക്ഷകര്‍ നല്‍കി.
ചിത്രത്തിലെ പുഴുപുലികള്‍ എന്ന കീഴാളപ്പാട്ടും അതിലെ ഉടുക്കു കൊട്ടും ഹൃദയത്തില്‍ തട്ടുന്നതാണ്.