നിവിന്‍ പോളിയുടെ പ്രേമം റിലീസ് ചെയ്ത തിയറ്ററുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞതു പോലെ ഒരു യുദ്ധമൊന്നും ആരും പ്രതീക്ഷിക്കേണ്ട, എന്നാല്‍ കാണുന്നവരുടെ മനസ്സില്‍ പ്രേമം ഒരു കുളിര്‍മഴയായി പെയ്യുമെന്നത് ഈ സിനിമ ഇതിനകം തെളിയിച്ചു കഴിഞ്ഞു.
ഒപ്പമുള്ള സൂര്യയുടെ തമിഴ് ഹിറ്റ് ‘മാസ്’ പോലും പ്രേമത്തിനു പുറകിലായിക്കഴിഞ്ഞു. അടുത്തകാലത്തൊന്നും നല്ലൊരു പ്രണയകഥ പ്രേക്ഷകനു നല്‍കാന്‍ മലയാള സിനിമയ്ക്കായിട്ടില്ല എന്നതാണ് സത്യം. ആ കുറവ് അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ടീം നികത്തിയിരിക്കുന്നു. ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന ലാല്‍ജോസ് ചിത്രത്തിനു ശേഷം മലയാള സിനിമയ്ക്ക് മികച്ച ഒരു പ്രണയകഥ നല്‍കാന്‍ അല്‍ഫോണ്‍സ് പുത്രനു കഴിഞ്ഞു.
വിനീത് ശ്രീനിവാസനും, ജൂഡ് ആന്റണിയുമെല്ലാം അവരുടെ അഭിനന്ദനങ്ങള്‍ അറിയിച്ചു കഴിഞ്ഞു. അല്‍ഫോണ്‍സ് തന്നെ അത്ഭുതപ്പെടുത്തിയെന്നും, നിവിന്റെ അഭിനയത്തില്‍ അഭിമാനിക്കുന്നുവെന്നും വിനീത് പറഞ്ഞപ്പോള്‍, ഒരുമിച്ചു സിനിമയെ സ്വപ്‌നം കണ്ടവരുടെ വിജയമാണിതെന്നും നിവിന്‍ പോളി എന്ന സൂപ്പര്‍സ്റ്റാര്‍ ജനിച്ചു കഴിഞ്ഞുവെന്നും ജൂഡ് ആന്റണി പറയുന്നു. ജീവിതത്തിന്റെ മൂന്നു തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയില്‍, ഭാവപ്രകടനങ്ങളിലും മേക്കോവറിലുമെല്ലാം നിവിന്‍ വളരെ മികവു പുലര്‍ത്തിയിരിക്കുന്നു. ശബരീഷ് വര്‍മ്മയുടെ വരികളും, രാജേഷ് മുരുകേശന്റെ ഈണവും കൂടി ചേര്‍ന്ന് മികച്ച ഗാനങ്ങളും നല്‍കിയിരിക്കുന്നു ‘പ്രേമം’.