മഞ്ചാടിക്കുരു എന്ന ഒരൊറ്റ സിനിമയിലൂടെ നല്ല സിനിമയുടെ രണ്ടാം വരവ് അറിയിച്ച അഞ്‌ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സ് ഒരൊന്നാന്തരം എന്റെര്‌ടെയിന്‍മെന്റാണ്. നവസിനിമയുടെ ഉജ്വല ബ്രാന്‍ഡിംഗാണ് ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ അഞ്‌ജലി മേനോന്‍ കൈവരിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, ദുര്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, നിത്യോ മേനോന്‍, പാര്‍വതി മേനോന്, ഇഷാ തല്‍വാര്‍ എന്നീ പുതുതലമുറ ഒന്നാം നിരയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്.
ഓരോ ഫ്രയിമിലും കാത്തു സൂക്ഷിച്ചിരിക്കുന്ന നിലവാരം സിനിമയെ വിസ്‌മയകരമായി വ്യത്യസ്‌തമാക്കുന്നു. പറയാനുള്ളത് പരത്തിപറയുമ്പോള്‍ ബോറടി പതിവാണ്. എന്നാല്‍, ലഘുനര്‍മങ്ങളിലൂടെ ഒഴുകുന്ന സിനിമ മൂന്നു മണിക്കൂര്‍ തീയ്യേറ്ററില്‍ ഇരിക്കുന്നവരെ പൂര്‍ണമായും എന്‍ഗേജ്‌ഡാക്കുന്നു.
ബന്ധുക്കളും അതിലേറെ സുഹൃത്തുക്കളുമായ മൂന്നു യുവജീവിതങ്ങളാണ് കഥയുടെ കാതല്‍. രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. കസിന്‍സ് ബന്ധങ്ങളുടെ സെന്റിമെന്റലുകളും സോഫ്‌ട് കോര്‍ണറുകളും നര്‍മത്തില്‍ ചാലിച്ചാണ് ബാംഗ്ലൂര്‍ ഡേയ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. മധ്യവര്‍ഗ മലയാളിയുടെ കുടംബ ബന്ധങ്ങളാണ് ഇതിലേറെയും. ഗൃഹാതുരതമായ മനസോടെ ഇതു കണ്ടിരിക്കാന്‍ ഓരോ മലയാളിക്കും കഴിയുമെന്ന് അഞ്‌ജലി തിരിച്ചറിഞ്ഞിരുന്നു. അതാണ്, നിവിന്‍ പോളിയുടെ കൃഷ്‌ണനും, ദുല്‍ഖറിന്റെ അര്‍ജുനും നസ്രിയ അവതരിപ്പിക്കുന്ന ദിവ്യയും നമ്മള്‍ കണ്ടുപരിചയിച്ച കഥാപാത്രങ്ങള്‍ തന്നെ. കുഞ്ചു -കുട്ടന്‍- അജു ത്രയങ്ങള്‍ പ്രേക്ഷകരെ കൈയ്യിലെടുക്കുന്നവര്‍ തന്നെ.
ദിവ്യ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ജോലിസ്ഥലമായ ബാംഗ്ലൂരിലേക്ക് കുടിയേറുന്നതും ഇവരൊടൊപ്പം കസിന്‍സ് കൂടെ കൂടുന്നതും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നു. ദിവ്യയുടെ ഭര്‍ത്താവായി എത്തുന്ന ഫഹദ് ഫാസിലിന്റെ ദാസ് പഴയൊരു പ്രണയക്കുരുക്കിന്റെ നഷ്ടസ്വപ്‌നങ്ങളുമായി കഴിയുന്ന നിരാശകാമുകന്‍ കൂടിയാണ്. ദാസും ദിവ്യയും അസുഖകരമായ ബന്ധത്തിലൂടെ ജീവിതം തള്ളിനീക്കുന്നതിനിടയില്‍ കസിന്‍സിന്റെ സാന്നിദ്ധ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും എല്ലാം പണ്ട് പല സിനിമകളിലും കണ്ടതാണെങ്കിലും അവതരണത്തിലും രചനാ ശൈലിയിലുമുള്ള വ്യത്യസ്‌ത ബാംഗ്ലൂര്‍ ഡെയിസിനെ വേറിട്ടതാക്കുന്നു. പാര്‍വതി മേനോന്റെ സാറയും ഇഷാ തല്‍വാറിന്റെ മീനാക്ഷിയും നിത്യാ മേനോന്റെ നതാഷയും തങ്ങളുടെ ഭാഗങ്ങള്‍ വൃത്തിയായി ചെയ്‌തു., പ്രതാപ് പോത്തന്‍, വിജയരാഘവന്‍, മണിയന്‍പിള്ള രാജു, കല്‍പന, പ്രവീണ, വിനയപ്രസാദ് എന്നിവരും ചിത്രത്തില്‍ ഉണ്ട്.
ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സമീര്‍ താഹിറിന്റെ ക്യാമറയും കുറ്റമറ്റതാണ്. അന്‍വര്‍ റഷീദ് നിര്‍മ്മാതാവിന്റെ റോളില്‍ എത്തുന്ന ഈ ചിത്രം സ്‌നേഹത്തിലും പ്രതീക്ഷയിലും മുങ്ങിയ യുവത്വത്തിന്റെ വര്‍ണാഭമായ ആഘോഷമാണ്. നിങ്ങള്‍ നിരാശപ്പെടില്ല. അതു ഗ്യാരണ്ടി.