രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ ആദ്യമായി സംവിധാനം ചെയ്ത കസബ പെരുന്നാളിന് എത്തിയത് ആവേശത്തോടെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ വരവേറ്റത്. ആരാധകര്‍ക്ക് പെരുന്നാള്‍ വിരുന്നൊരുക്ക എന്ന ലക്ഷ്യം മാത്രമാണ് കസബയുടെ നിര്‍മാതാവിനും സംവിധായകനും ഉണ്ടായിരുന്നത്. അത് മികവോടെ അവര്‍ നിറവേറ്റി.
നൃത്തച്ചുവടിനെ അനുസ്മരിക്കുന്ന താളത്തിലുള്ള രാജന്‍ സഖറിയ എന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ വരവ് തൊട്ട് അടിക്കും ഇടിക്കും ഡയലോഗിനും വരെ പ്രത്യേകത കൊടുത്താണ് കഥാപാത്ര സൃഷ്ടി.,
100 ശതമാനം വിനോദം ഉറപ്പു നല്‍കുന്ന കസബയില്‍ വേറെയൊന്നും ആരും പ്രതീക്ഷിക്കരുത്. രജനീകാന്ത് ചിത്രത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് സ്റ്റൈല്‍ മന്നന്റെ പഞ്ച് ഡയലോഗുകളും നടത്തയും ചില നമ്പരുകളുമൊക്കയാണ്. ഇതിനു വിപരീതമായി ഇറക്കിയ ബാബ പോലുള്ള ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞി്ട്ടുമുണ്ട്.
ഈ അറുപതുകളിലും രജനി ഇനിയും ചെയ്യുന്നത് തന്റെ ആരാധകര്‍ക്കു വേണ്ടി ഇത്തരം സിനിമകളായിരിക്കും. എന്നാല്‍, നമ്മുടെ കൊച്ചു മലയാളത്തില്‍ മമ്മൂട്ടി വിവിധ തലങ്ങളിലും വേഷങ്ങളിലും ഒക്കെ ഉള്‍പ്പെടുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചിട്ടുണ്ട്.
എന്നാല്‍, ഇടയ്ക്ക് ഇതുപോലെയുള്ള ജനപ്രിയ വേഷങ്ങളിലും മമ്മൂട്ടി എത്തും. ഇന്‍സ്പക്ടര്‍ ബല്‍റാമിനു ശേഷം മമ്മുൂട്ടിയുടെ ശക്തനായ പോലീസ് ഓഫീസറാണ് രാജന്‍ സഖറിയ.
കേസ് അന്വേഷണത്തിന് അതിര്‍ത്തി ഗ്രാമമായ കാളിപുരത്തേക്ക് സ്ഥലം മാറിയെത്തുന്ന രാജന്‍ സഖറിയയും വില്ലന്‍ ടീമുകളുമായുള്ള ഏറ്റമുട്ടലും സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നു.
വഴിവിട്ടമാര്‍ഗങ്ങള്‍ പിന്തുടരുന്ന കൊള്ളരുതായ്മകള്‍ കാണിക്കുന്ന ഉദ്യോഗസ്ഥനാണെങ്കിലും അതോടൊപ്പം ഉള്ളില്‍ നന്മ അവശേഷിക്കുന്നവനുമാണ് രാജന്‍ സഖറിയ.
രണ്‍ജി പണിക്കരുടെ മകനെന്ന നിലയില്‍ സിനിമയില്‍ എത്തിയ നിഥിന്‍ സിനിമ താരങ്ങളുടെ ബന്ധുക്കളുടെ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ മക്മൂല്‍ സല്‍മാന്‍, നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ എന്നിവര്‍ക്കൊപ്പം നായികയായി എത്തുന്നത് രാധിക-ശരത് കുമാര്‍ ദമ്പതികളുടെ മകളായ വരലക്ഷ്മിയും എത്തുന്നു. ജഗദീഷ്, നേഹ സക്‌സേന എന്നിവരും ചിത്രത്തിലുണ്ട്.
രാഹുല്‍ ദേവിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യമായി നില്‍ക്കുന്നുവെങ്കിലും ഗാനങ്ങള്‍ ആകര്‍ഷകമായില്ല.
മികച്ച ക്രാഫ്ട്മാനും ഫിലിം മേക്കറുമാണ് താനെന്ന് ഈ ഒരൊറ്റ സിനിമയിലൂടെ നിഥിന്‍ തെളിയിച്ചിട്ടുണ്ട്. ബോക്‌സ് ഓഫീസിലും ഗ്രോസ് കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് സൂചന. അവധി ദിനങ്ങളായതിനാല്‍ ഇനിയും പണം വാരുമെന്നാണ് ആരാധകരുടെ പ്തീക്ഷ, രണ്ടര കോടിയോളം ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ ലഭിച്ചിരുന്നു. പത്തു കോടിയെന്ന മെഗാഹിറ്റ മാര്‍ക്ക് ആദ്യ ആഴ്ചയില്‍ തന്നെ കസബ മറികടക്കുമെന്നാണ് ഇവര്‍ കരുതുന്നത്.