ബംഗ്ലാദേശിന്റെ ലോകകപ്പ് താരം റൂബല്‍ ഹുസൈന് ഇനി സമാധാനിക്കാം. ലോകകപ്പ് ടൂര്‍ണമെന്റ് കഴിഞ്ഞ് ജയിലിലേക്ക് മടങ്ങേണ്ടതില്ല. റുബലിനെതിരെ ബലാല്‍ സംഗ കേസ് ഫയല്‍ ചെയ്ത നടി നസ്‌നിന്‍ അക്തര്‍ പരാതി പിന്‍വലിച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കശക്കി എറിഞ്ഞ് ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിച്ചതോടെ രാജ്യത്ത് വീര പരിവേഷം ലഭിച്ച ഹുസൈനെതിരെയുള്ള ബലാല്‍സംഗ ആരോപണം പിന്‍വലിക്കാന്‍ നടി നിര്‍ബന്ധിതയാകുകയായിരുന്നു. ആരാധകരുടെ ചീത്തവിളിയും ഉന്നതങ്ങളില്‍ നിന്നുള്ള സമര്‍ദ്ദവും ഇതിനു പിന്നിലുണ്ട്.
തന്നെ വിവാഹ വാഗ്ദാനം നല്‍കി ഹുസൈന്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. വിവാഹം കഴിക്കാമെങ്കില്‍ പരാതി പിന്‍വലിക്കുമെന്നും നസ്‌നിന്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഇതിനു തയ്യാറാകാതിരുന്ന ഹുസൈനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. ലോകകപ്പ് ടീമില്‍ ഹുസൈനെ ഉള്‍പ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് നടിയുടെ പരാതി എത്തിയത്.
നടി തന്നെ ബ്ലാക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. നടിയുമായി സൗഹൃദം മാത്രമാണുള്ളതെന്നും ഹുസൈന്‍ പറഞ്ഞു.
ഞാന്‍ മാപ്പു നല്‍കുകയാണ്. കേസുമായി മുന്നോട്ടു പോകാന്‍ എനിക്ക് താത്പര്യമില്ല. നസ്‌നിന്‍ പറഞ്ഞു. ഹുസൈനെതിരെ തെളിവു നല്‍കാനും താന്‍ പോകുന്നില്ല. ലോകകപ്പില്‍ ക്വാര്‍ട്ടര്‍ മത്സരത്തിന് തയ്യാറെടുക്കുന്ന ഹുസൈനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ തനിക്ക് താത്പര്യമില്ലെന്നും നസ്‌നിനു വേണ്ടി കോടതിയില്‍ ഹാജരാകുന്നില്ലെന്നും അഭിഭാഷകന്‍ ദേബുല്‍ ഡെയും പറഞ്ഞു.
ഇതോടെ റൂബലിന് മനസമാധാനത്തോടെ ലോകകപ്പ് കളിക്കാമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് പറഞ്ഞു.
നേരത്ത., ബംഗ്ലാദേശ് ക്രിക്കറ്റിലെ ഉന്നത ഉദ്യേഗസ്ഥര്‍ ഇടപ്പെട്ടാണ് ജയിലില്‍ കഴിഞ്ഞിരുന്ന ഹുസൈന് ലോകകപ്പ് കളിക്കുന്നതിനായി ജാമ്യം അനുവദിച്ചത്. ഇത്തരം കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ലഭിച്ചാലും വിദേശ യാത്രയ്ക്ക് അനുവദിക്കാന്‍ നിയമം അനുശാസിക്കുന്നില്ല. ഇതെല്ലാം മറികടന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഉറപ്പിന്‍മേല്‍ ഹുസൈനെ ജാമ്യത്തില്‍ വിട്ടത്.
![](https://dubairockstar.com/wp-content/uploads/2024/11/Dubai-Rock-Star.png)
![](https://dubairockstar.com/wp-content/uploads/2024/11/Dubai-Rock-Star.png)